Wednesday, April 25, 2012

മലയാളി ഷോവിനിസ്റ്റുകള്‍ക്ക് ഫെമിനിസം 101.

ഈ കുറിപ്പ് അഖിലയുടെ കുറിപ്പിന്റെhttp://www.nalamidam.com/archives/12237 തുടര്‍ച്ചയായിട്ടാണ് എഴുതുന്നത്‌. അഖില നിര്‍ത്തിയിടത്തു നിന്ന് തുടങ്ങണം എന്ന് തോന്നി. അത് കൊണ്ട് .... ഞാനൊരു പെങ്ങളാണ്. മനസ്സുകൊണ്ട് ഒരു അമ്മയുമാണ്. ഒരു മകളാണ്. സുഹൃത്താണ്. ചിലപ്പോള്‍ കാമിനിയുമാണ്. ഇതിനെക്കാളുപരി ഞാന്‍ ഞാനാണ്. അതാണ്‌ എന്റെ ഫെമിനിസവും.

‘മകള്‍’ എന്നുള്ള സ്ഥാനത് നിന്നാണ് ഞാന്‍ ആദ്യം ഫെമിനിസ്റ്റ്‌ ആകുന്നതു. കാരണം എന്റമ്മ ഒരു ഫസ്റ്റ് ജനറേഷന്‍ ഫെമിനിസ്റ്റ്‌ ആണ്. എനിക്ക് മെനാര്‍ക്കി ആയപ്പോള്‍ ഒരു കുട്ടക്ക് പുസ്തകങ്ങള്‍ തന്നു വായിച്ചു പഠിക്കാന്‍ പറഞ്ഞു. സെക്സ് എന്താണെന്നുള്ള ചോദ്യത്തിന് അച്ഛനും അമ്മയും ഒരുമിച്ചാണ് എന്നെ ഇരുത്തി ഉത്തരം വിവരിച്ചു തരുന്നത്. എന്റെ അമ്മയുടെ അച്ഛന്‍ ഒരു ഫെമിനിസ്റ്റ്‌ അല്ലെങ്കിലും മക്കള്‍ ഒരുപാട് പഠിക്കണം എന്ന ചിന്താഗതികാരന്‍ ആയിരുന്നതിനാല്‍ വിദ്യാഭ്യാസത്തിനു ഒരുപാട് പ്രാധാന്യം നല്‍കുന്ന ഒരു ബാക്ഗ്രൌണ്ട് എനിക്കുണ്ട്. ഈ ഒരു ഘടനക്ക് അകത്തു നിന്നാണ് എന്റെ ഫെമിനിസം പുരോഗമിച്ചത്. അധികം റെബല്‍ ചെയ്യ്തിട്ടില്ല ഇത് വരെ. അതിന്റെ ആവശ്യം വന്നിട്ടില്ല. അഖിലയുടെ ലേഖനം വായിച്ചപ്പോള്‍ തോന്നി ഈ കൊലുസ്സു കെട്ടിയ, വലിയ കമ്മലുകള്‍ ഇഷ്ടപെടുന്ന, ഒരുപാട് കുഞ്ഞു കസിന്‍സ്‌ ഉള്ളതിനാല്‍ ഒരു അമ്മയെ പോലെ ചിന്തിക്കുന്ന, ഒരു കൂട്ട് കുടുംബത്തില്‍ നിന്ന് വന്ന, പാചകത്തില്‍ എഴുത്തിനെ പോലെ തന്നെ ഇഷ്ടവും കഴിവുമുള്ള ഈ തനി പെണ്ണായ ഫെമിനിസ്റ്റ്‌ ഒന്നെഴുതണമെന്നു.

ഫെമിനിസം എന്ന് പറഞ്ഞാല്‍ വാലെറി സോലെനാസിന്റെ സ്കം മാനിഫെസ്ടോ മാത്രമേ ഉള്ളു എന്ന് വിചാരിക്കുന്ന ഒരു സമൂഹമാണ് നമ്മുടെ. പക്ഷെ അതിനെ ഒരിക്കലും ഒരു മുഖ്യധാര ചിന്താഗതി ആയി കാണാന്‍ കഴിയില്ല. ഫെമിനിസം നമ്മുടെ സമൂഹത്തില്‍ എങ്ങനെ പ്രകടമാകുന്നു എന്ന് മനസ്സിലാവനമെങ്ങില്‍ കിംബര്‍ലി ക്രെന്ഷോ കൊണ്ട് വന്ന ‘intersectionality’ എന്ന പദം ഒന്ന് ശ്രദ്ധികേണ്ടി ഇരിക്കുന്നു. ചുരുക്കി പറയാം. ഒരു സമൂഹത്തില്‍ ഒന്നില്‍ കൂടുതല്‍ ഘടകങ്ങള്‍ ചേര്‍ന്ന് സ്ത്രീയെ എങ്ങനെ അടിച്ചമര്‍ത്തുന്നു എന്ന് പഠിക്കുന്ന ഒരു ആശയം. അതായത് ബസ്സില്‍ യാത്ര ചെയ്യുന്ന, ജോലി ഉള്ള മിഡില്‍ ക്ലാസ്‌ സ്ത്രീകളില്‍ തന്നെ അവരുടെ വിദ്യാഭ്യാസം, ജാതി, മതം, എന്നിവയെല്ലാം അവര്‍ എങ്ങനെ അടിച്ചമാര്തപ്പെടുന്നു എന്ന് തീരുമാനിക്കുന്നു. ഇവ ഒരു പരസ്‌പരാവലംബമായ രീതിയില്‍ പ്രവര്‍ത്തിച്ചു ഒരു ജെസ്ടാല്റ്റ്‌ ഫലം ഉണ്ടാക്കുന്നു, അതായത് ഇവിടെ രണ്ടും രണ്ടും നാലാവാതെ തികച്ചും വ്യത്യസ്തമായ ഒരു പരിണാമത്തില്‍ എത്തിക്കുന്നു. ഇത് കൊണ്ട് തന്നെ ഒരു നായര്‍ സ്ത്രീയുടെ സങ്കടങ്ങള്‍ അല്ല ഒരു ദളിത്‌ സ്ത്രീയുടേത്. ഈ രണ്ടു കൂട്ടര്‍ക്കും പരസ്പരം സംസാരിക്കാന്‍ ഒന്നുമില്ലായിരിക്കും. ഇവരേക്കളും വളരെ വ്യത്യസ്തം ആയിരിക്കും ഒരു ആദിവാസി സ്ത്രീയുടെ ആവശ്യങ്ങള്‍. ഇതെല്ലാം ഓരോ സെക്ഷനാളിടി ആണ്. ഓരോന്നിനും അതിന്റേതായ ഫെമിനിസ്റ്റ്‌ പ്രത്യയശാസ്ത്രങ്ങള്‍ ഉണ്ട്. എക്കോ-ഫെമിനിസം എന്നു കേട്ടിട്ടില്ല എങ്കിലും നമ്മള്‍ വന്ദന ശിവ എന്ന് കേട്ട് കാണും. സ്ത്രീകളെ, പ്രത്യേകിച്ച് ആദിവാസി-കൃഷി സമുദായങ്ങളില്‍ നിന്നുള്ള സ്ത്രീകളെ സസ്റെയിനബില്‍ ടെവേലപ്മെന്റിനു വേണ്ടി എങ്ങനെ ശാക്തികരിക്കാം എന്ന് നമ്മളെ പഠിപ്പിച്ചത് ശിവ ആണ്. അത് പോലെ തന്നെ ഉര്‍വശി ബൂട്ടാലിയയുടെയും, അരുന്ധതി റോയിയുടെയും, ബ്രിന്ത കാരാട്ടിന്റെയുമൊക്കെ ഫെമിനിസങ്ങള്‍ ഓരോന്നും വ്യതസ്തമാണ്. ഒന്നിനേം തള്ളി കളയാന്‍ പറ്റില്ല. ഫെമിനിസം വിജയിക്കേണ്ടത് ഈ ഓരോ മൈക്രോ ഫെമിനിസത്തെയും കൂട്ടി യോജിപ്പിച്ചു നമ്മുടെ സമൂഹത്തെയും രാഷ്ട്രത്തെയും മുന്നോട്ടു നയിക്കുന്നതില്‍ സ്ത്രീകള്‍ അര്‍ഹിക്കുന്ന പങ്കു ചെയ്യുവാനായി അവരെ തയ്യാര്‍ ആക്കുന്നതില്‍ ആണ്, അതും നമ്മള്‍ മാസ്ലോയുടെ സിദ്ധാന്തങ്ങള്‍ മറക്കാതെ തന്നെ. എന്ന് വെച്ചാല്‍ നമ്മുടെ സമൂഹത്തിന്റെ പുരോഗതിക്ക് സ്ത്രീ അവരുടെ മുഴുവന്‍ അന്തര്‍ലീന ശക്തിയും പുറത്തു കൊണ്ട് വരണം.

അങ്ങനെ പരിശോധിക്കുമ്പോള്‍ ഫെമിനിസം എന്തിനാണ് എന്നൊരു ചോദ്യത്തിന്റെ ആവശ്യമേ ഇല്ല. അതൊരു സോഷ്യോ-എക്കോണോമിക്-പോളിടികല്‍ യാഥാര്‍ത്ഥ്യവും ആവശ്യവുമായി മാറുന്നു. പിന്നെ ആ ചോദ്യം വരുന്നത് ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ എല്ലാം പഴയ സെകന്റ് വേവ് ഫെമിനിസത്തിന്റെ ബാകിപത്രമായ ബ്രാ കത്തിക്കലുമായിട്ടു നടക്കുന്നു എന്ന് വിചാരിക്കുന്ന ഒരു കൂട്ടരില്‍ നിന്നാണ്. അവരോട് എനിക്ക് പറയാനുള്ളത് ഇത്ര മാത്രം... ഞങ്ങള്‍ എല്ലാവരും കാണുന്ന ആണുങ്ങളുടെ കൂടെ കിടക്കുന്നവരല്ല. പക്ഷെ കൂടെ കിടക്കുന്ന ആണ് ഞങ്ങളെ ഞങ്ങള്‍ ആയിട്ട് അന്ഗീകരിക്കുന്നവരാന്. നിങ്ങള്ക്ക് അതിന്റെ യോഗ്യത ഇല്ലാത്തത് കൊണ്ട് ഒരു ശരാശരി ഷോവിനിസ്റ്റ്‌ നിലപാടാണ് നിങ്ങള്‍ സ്വീകരിക്കുന്നതും. ഞങ്ങളെ ഒരു ‘നല്ല’ ആണ് രണ്ടടിയും തന്നു സെക്ഷുവല് സബ്മിഷന്‍ പഠിപ്പിച്ചു തന്നാല്‍ മാറുന്ന ‘അസുഖം’ ആണ് ഞങ്ങളുടെതെന്നു. ഈ നല്ല ആണ് എന്ന് പറയുന്ന കൂട്ടരുടെ ലിംഗത്തിന്റെ അളവും കൃത്യമായി അവര്‍ തന്നെ ഉറപ്പിക്കുന്നുണ്ട്. നീളവും വണ്ണവും കൂടുതല്‍ വേണം പോലും. ഇതും ഒരു വളരെ പേട്രിയാര്‍ക്കല്‍ ചിന്താഗതിയാണ്. ആണിനു മറ്റ് ആണുങ്ങളുടെ ലിംഗവുമായി തന്‍റെതു തുലനം ചെയ്യാനും അത് വെച്ച് എതവനാണ് കൂടുതല്‍ ആണത്തം എന്ന് കണ്ടു പിടിക്കാനുമുള്ള ഒരു ഉല്‍കണ്‌ഠ. ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ ആണ്‍ ലിംഗത്തെ പറ്റി നാണമില്ലാതെ സംസാരിക്കുന്നു എന്ന് പരാതിപെടുകയും അതെ സമയം ഇത്തരം തുലനകള്‍ നാണമില്ലാതെ സ്വന്തം ആണത്തത്തില്‍ വിശ്വാസമില്ലാതെ ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു ജാതി കൂട്ടരാണ് ഇപ്പോഴത്തെ വിദ്യാഭ്യാസ സമ്പന്നരായ ഷോവിനിസ്റ്റുകള്‍.

ഇപ്പോഴും നമ്മുടെ സമൂഹത്തിന്റെ ഒരു വലിയ പങ്കും സ്ത്രീ അടുക്കളയില്‍ കിടക്കേണ്ടവളാണ് എന്ന് വിശ്വസിക്കുന്നു. എന്ത് കഴിവുണ്ടായാലും പാചകംചെയ്യാന്‍ അറിയില്ലെങ്കില്‍ അത് ഒരു കുറവായി കാണുന്ന ഒരു സമൂഹത്തില്‍ ഇത്തരം ഒരു മനോഭാവം നിലനില്‍ക്കുന്നതില്‍ അതിശയപ്പെടാനില്ല. ലളിതാംബിക അന്തര്‍ജ്ജനം അഗ്നിസാക്ഷി എഴുതിയപ്പോള്‍ വിചാരിച്ചു കാണില്ല, സ്ത്രീയെ ചവുട്ടി ഒതുക്കുന്ന, സ്ത്രീ പക്ഷ എഴുതുക്കാരെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന ഒരു പൊതു സമൂഹവും, യുവ തലമുറയും ഇപ്പോഴും ഈ പ്രബുദ്ധ കേരളത്തില്‍ കാണുമെന്ന്.

ഇപ്പോള്‍ നമ്മുടെ ഇടയില്‍ നടക്കുന്ന സ്ത്രീ ഉന്നമനത്തിനു അതിന്റേതായ പരിധികള്‍ ഉണ്ട്. ഈ നടക്കുന്ന പരിപാടികളെല്ലാം തന്നെ ആണുങ്ങള്‍ ഉണ്ടാക്കുന്ന നയങ്ങളുടെയും അത് പോലെ തന്നെ അതിന്റെ സോഷ്യല്‍ ആന്തരഘടന ഇപ്പോഴുള്ള അടിച്ചുറപ്പിക്കപ്പെട്ടിട്ടുള്ള ആണ്‍ വ്യവസ്ഥയുടെയും അടിസ്ഥാനത്തില്‍ ആണ്. അപ്പോള്‍ കാഴ്ചപ്പാടും ഒരു ആണ് മാടംബിതരത്തിന്റെ വക്കില്‍ നില്‍ക്കും. അങ്ങനെ വരുമ്പോള്‍ പിന്നെ ഫെമിനിസ്റ്റുകള്‍ എന്ന് പറയുന്നത് ഒരു ചീത്ത വാക്കാവുന്നു. കാരണം ഈ മാടംബിതരത്തിന് നമ്മള്‍ നിന്ന് കൊടുക്കുന്നില്ല. നമ്മുടെ ശരീരവും മനസ്സും, അതിനെ ചുറ്റിപറ്റിയുള്ള രാഷ്ട്രീയവും നമ്മള്‍ തീരുമാനിക്കുന്നു എന്നതിനാല്‍. അത് കൊണ്ട് തന്നെയാണ് എഴുത്തുകാരികളോട് ‘നിനക്കൊക്കെ പാവം വല്ല സ്ത്രീകളെയും സഹായിചൂടെ, വെറുതെ എഴുതാതെ?’ എന്ന് ചോദിക്കുന്നത്. അത് ഒരു നല്ല തന്ത്രമാണ്. കാരണം എഴുതുന്ന ഫെമിനിസ്റ്റുകള്‍ ഒരു ജോലിയും കൂലിയും ഇല്ലാത്തവര്‍ എന്ന് അടിച്ചാക്ഷേപിക്കാം.അവിടെയും തോല്‍ക്കുന്നത് ഈ ഷോവിനിസ്റ്റുകള്‍ തന്നെ. ചരിത്രം പഠിച്ചിട്ടുള്ള ആര്‍ക്കും പെട്ടെന്ന് മനസ്സില്ലാവും എഴുത്തിന്റെ ശക്തി. ഈ ലോകത്തെ എഴുത്താണ് മാറ്റി മറിച്ചിട്ടുള്ളത്. പണ്ട് സ്വാതന്ത്ര്യസമര കാലത്ത് എഴുത്തിന്റെ ശക്തി അറിഞ്ഞു കൊണ്ടാണല്ലോ ബ്രിട്ടീഷുകാര്‍ ‘Vernacular Press Act’ ഇറക്കുന്നതും, സമര സേനാനികള്‍ രാജ്യം മുഴുവന്‍ വായനശാലകള്‍ തുറക്കുന്നതും. ഇപ്പോള്‍ ഇന്റര്‍നെറ്റ്‌ ഞങ്ങള്‍ ഫെമിനിസ്റ്റ്‌ എഴുതുക്കാര്‍ക്ക് ഞങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും പങ്കു വയ്ക്കാന്‍ എളുപ്പമാക്കി. അവിടെ ഷോവിനിസ്റ്റുകള്‍ പേടിച്ചേ മതിയാവൂ.കാരണം ഞങ്ങളുടെ സ്വരങ്ങള്‍ ഒരു കൂട്ടായ്മയുടെ ഭാഗമായി പുറത്തു കേട്ട് തുടങ്ങി. ചങ്ങലകള്‍ പതുക്കെ സ്വയം പൊട്ടിച്ചു കൊണ്ട് ബാക്കി സഹോദരിമാരെ അവ പൊട്ടിക്കാന്‍ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങി.

അപ്പോള്‍ ഏറ്റവും എളുപ്പം നമ്മളെ ലെസ്ബിയന്‍സ് ആയി ചിത്രീകരിക്കുക എന്നതാണ്. ഉണ്ട്. ഞങ്ങളുടെ ഇടയില്‍ ബൈ-സെക്ഷുവല് സഹോദരിമാരും ലെസ്ബിയന്സും ഉണ്ട്. അതില്‍ ഞങ്ങള്‍ക്ക് അഭിമാനമേ ഉള്ളു. അതില്‍ ഈ പൊതു ആണ്‍ സമൂഹത്തിന്റെ രോഷം വേറൊന്നുമല്ല... അവിടെ ഒരു പൊതു ഹെറ്റെറോസെക്ഷുഅല് ആണ്‍-സമൂഹത്തിന്റെയും അവര്‍ ഉണ്ടാക്കിയ നിയമങ്ങളുടെ മുമ്പിലും തല കുനിക്കാതെ അവരെ മുഴുവന്‍ തള്ളി പറയാന്‍ ധൈര്യം കാട്ടി എന്നുള്ളതാണ്. അവിടെയും സമൂഹത്തിന്റെ ആണത്തം ആണ് പ്രശ്നം. അത് നമ്മള്‍ സംബന്ധിച്ചടത്തോളം ഒരു വന്‍ പ്രശ്നം തന്നെയാണ്. രാജ്യ വ്യവസ്ഥ മുതല്‍ യുദ്ധം വരെ അഗ്ഗ്രഷനില്‍ വേരുകളുള്ള സമൂഹമായതിനാല്‍ എല്ലാം testosterone ഉത്പാദനവുമായി ബന്ധപ്പെടുത്തിയെ കാണാന്‍ പറ്റൂ.

ഫെമിനിസം ഓരോരുത്തര്‍ക്കും എന്ത് എന്ന് പറഞ്ഞു തരാന്‍ എനിക്ക് പറ്റില്ല. പക്ഷെ ഒരു ചെറിയ ഉദാഹരണം പറയാം. എന്റെ കുഞ്ഞുങ്ങളുമായി ഞാന്‍ അവരെ ഇക്കിളിയിട്ടു കളിക്കുന്ന നേരം. ഒരുത്തന്‍ എന്റെ നേരെ ചീറി... ‘ആണ്‍.... അല്ല... പെണ്ണാണെങ്കില്‍ വാ.’. ആ കുഞ്ഞിനു ബോധമുണ്ട്. ഞാന്‍ പെണ്ണ് ആയത് കൊണ്ട് എന്റെ നിശ്ചയദാര്‍ഢ്യം ഒട്ടും കുറയുന്നില്ല എന്ന്. ഞാന്‍ ആണിനു താഴെ അല്ല എന്ന്. (അവന്‍ സ്കൂളില്‍ പോയിട്ട് ഇത്തരം പ്രയോഗങ്ങള്‍ പഠിക്കുന്നതിനെ പറ്റി വേറെ എഴുതേണ്ടി ഇരിക്കുന്നു.) അത് അവന്റെ സമത്വത്തിനെ പറ്റിയുള്ള ആശയമാണ്.ഈ ആശയം പലര്ക്കുമുന്ടെങ്കിലും അവര്‍ ഫെമിനിസം എന്ന ലേബല്‍ പേടിക്കുന്നു. അത് വളരെ സംഘടിതമായ, വളരെ കാലമായി നടക്കുന്ന ഒരു സ്ട്രാട്ടെജിയുടെ ഭാഗമായുള്ള ഒരു പേടിയാണ്. ഞാന്‍ കണ്ടിട്ടുണ്ട്... പക്കാ ഫെമിനിസം പറഞ്ഞിട്ട് താന്‍ ഫെമിനിസ്റ്റ്‌ അല്ല എന്ന് പറയുന്ന ആള്‍ക്കാരെ. സമൂഹത്തെ അവര്‍ ഭയക്കുന്നു. അതേ സമയം കഴിഞ്ഞ വനിതാ ദിനത്തിന് ഞാന്‍ കണ്ടു കുറെ ഫെമിനിസ്ടുകളെ... പെണ്‍വേഷം കെട്ടി ആടാന്‍ മടിയില്ലാത്ത ഒരു ആണിനെയും, ആര് തങ്ങളെ പറ്റി എന്ത് കരുതും എന്ന് പേടിയില്ലാത്ത കുറച്ചു ആദിവാസി സ്ത്രീകളെയും. മതിപ്പ് തോന്നി. ഞങ്ങള്‍ 'സംസ്കാരം' ഉള്ളവരേക്കാള്‍ എന്ത് ശക്തരാണ് നിങ്ങള്‍!

തല്‍ക്കാലം എഴുതി നിര്‍ത്തുമ്പോള്‍ എനിക്ക് പറയുന്നള്ളത് ഇത്ര മാത്രം. ആണായാലും പെണ്ണായാലും രണ്ടു ഗ്രന്ഥികള്‍ വീതം ഉണ്ട്. അവ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്കൊന്നും കൂടുതലും ഇല്ല. ഞങ്ങള്‍ക്ക് കുറവുമില്ല. നിങ്ങളുടേത് പുറത്തു കാണാമെന്ന് കരുതി അതിന്റെ ശക്തിയില്‍ മാത്രം ശരണം എന്ന് വിചാരിക്കുന്നത് തലച്ചോറിനെ നാണംക്കെടുത്തല്‍ ആണ്. ഒന്നുമില്ലേലും അവിടന്നു സിഗ്നല്‍ കിട്ടിയില്ലെങ്കില്‍ എത്ര ശക്തി ഉണ്ടായിട്ടും ഒരു കാര്യവുമില്ല.    

No comments: